പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ബഹുമാന്യ വായനക്കാരോട് ഒരു വാക്ക് .പാസ്റ്റർ പിള്ള

മൂന്നര പതിറ്റാണ്ടു സത്യസന്ധമായ നിലയിൽ ആത്മീയപ്രവർത്തനത്തിനു നേതൃത്വം കൊടുക്കുകയും പ്രസംഗംപോലെ പ്രവർത്തിയും വളരെ സൂക്ഷിച്ചു ജീവിച്ച ഒരാളാണ് ഞാൻ . എന്നാൽ ഒരാളെ സഹായിക്കാൻ വേണ്ടി ആലോചനയില്ലാതെ പ്രവർത്തിച്ചതിൻറെ വേദനകൾ കുറ്റം ചെയ്യാതെ അനുഭവിക്കുന്നയാളായി ഞാൻ തീർന്നു . ശാരീരികമായി വളരെയധികം അസ്വസ്ഥതകൾ ക്രമാതീതമായി അനുഭവിക്കുന്നു . ഒപ്പം മാനസികപിരിമുറുക്കങ്ങളും . മറ്റുള്ളവരുടെ ആക്ഷേപം ഇത്രമാത്രം സഹിക്കാൻ വേണ്ടി ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നയാളാണോ ഞാൻ എന്നുപോലും ചിന്തിക്കുന്ന സമയങ്ങളാണിത് . ആക്ഷേപിക്കുന്നവരും വെറുതെ കുറ്റാരോപണങ്ങൾ നിരത്തുന്നവരും ഒരു കാര്യം ഓർക്കണമായിരുന്നു . ഞാനും ഒരു മനുഷ്യനാണ് . എനിക്കും കുടുംബവും കുട്ടികളും ഉള്ളതാണ് . സഹിക്കാവുന്നതിലും അപ്പുറം സഹിച്ചുകഴിഞ്ഞു . പരിധിക്കപ്പുറം വേദനകൾ അനുഭവിച്ചുകഴിഞ്ഞു . സത്യം മനസിലാക്കാൻ ആരും മുന്നോട്ടുവന്നില്ല . പലരും വിളിച്ചു സമാധാനവാക്കുകൾ പറയുന്നത് തെല്ലു ആശ്വാസത്തിന് കാരണമാകുന്നു . സത്യം പുറത്തുകൊണ്ടുവരണം എന്ന അഭിപ്രായങ്ങൾ പലരും പറഞ്ഞതനുസരിച്ചു ചിലതൊക്കെ എഴുതുമെന്നുപറഞ്ഞു . എന്നാൽ എന്തിനുവേണ്ടി? ആർക്കുവേണ്ടി?എൻറെനേരെ ഉയർന്നുവന്ന അനാവശ്യ ആരോപണങ്ങൾക്ക് ഇത് മറയാകുമോ ? ആക്ഷേപങ്ങൾ അറിഞ്ഞവർ തിരിച്ചു ചിന്തിക്കുമോ ?ഇല്ല . പെന്തക്കോസ്തുസമൂഹം ഇന്ന് കേട്ടതിനു പിന്നാലെ ഓടുന്ന സമൂഹമായി മാറിയോ എന്നുപോലും സംശയിക്കുന്ന അവസ്ഥയിലേക്ക് മാറിയോ എന്ന് സംശയിക്കുന്നു . എനിക്ക് സംഭവിച്ച ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും ഒരുവിധ വിശദീകരണവും നൽകുവാൻ ഇനി ആഗ്രഹമില്ല . ഒന്നും പറയാനും ആഗ്രഹിക്കുന്നില്ല . സകലവും അറിയുന്ന ദൈവത്തിങ്കൽ മാത്രം സമർപ്പിക്കുന്നു . എൻറെ സാക്ഷി ഉയരത്തിൽ വസിക്കുന്നു എന്ന വചനം ഓർക്കുന്നു . ആരോടും വിരോധമില്ല . സമൂഹത്തിൻറെ മുന്നിൽ അധിക്ഷേപിച്ചവരോട് പകയില്ല .ഐപിസി കേരളാ നേതൃത്വം എടുത്ത നിയമമല്ലാത്ത തീരുമാനങ്ങളോട് എതിർക്കുന്നില്ല . അവരവരുടെ നിലനില്പിനുവേണ്ടി അവർ നീങ്ങി എന്നത് വ്യക്തമായ സത്യമാണ് . നാളിതുവരെ എനിക്കെതിരെ ലഭിച്ച പരാതിയോ ആക്ഷേപമോ എന്തുതന്നെ ആയാലും അതിനു ഒരു വാക്കു വിളിച്ചു ചോദിക്കുന്നതിനോ കാര്യങ്ങൾ അന്വേഷിക്കുന്നതിനോ ഇവരാരും തുനിഞ്ഞിട്ടില്ല .സ്വയം നിർമ്മിത രേഖകൾ ഉണ്ടാക്കി അകാരണമായ നടപടിക്രമങ്ങൾ എടുക്കുകയായിരുന്നു ചെയ്തത് . ആരോടും വിരോധമില്ലാതെ ഞാൻ ആയിരിക്കുന്നു . ആരെക്കുറിച്ചും ഒന്നും എഴുതുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല . കാരണം എൻറെ വാക്കുകൾ ദൈവത്തോടുമാത്രമേ പറയാൻ കഴികയുള്ളു . ഇനി അധികനാൾ ഒന്നും ജീവിതം കാണുകയില്ല എന്നറിയാം . അത്രമാത്രം ശാരീരിക അസ്വസ്ഥതകൾ എന്നെ ഭരിക്കുന്നുണ്ട് .ഞാൻ നിമിത്തം വേദന അനുഭവിച്ചവരോട് ഖേദം പ്രകടിപ്പിക്കുന്നു . ആരെക്കുറിച്ചും ഒരു വിശദീകരണവും നൽകുവാൻ ആഗ്രഹിക്കുന്നില്ല . സകലത്തിനുമുള്ള ന്യായമായ വിധി ദൈവത്തിൽ നിന്നും ഉണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രമേ ഉള്ളു . എനിക്ക് നേരിട്ട ആക്ഷേപങ്ങൾക്ക് അതിനു കാരണക്കാരായവരെ ചോദ്യം ചെയ്യാനോ അവരുമായി ആശയവിനിമയം നടത്താനോ ഞാൻ ആരെയും ചുമതലപ്പെടുത്തുകയോ എനിക്കുവേണ്ടി സംസാരിക്കണമെന്നോ ഞാൻ പറഞ്ഞിട്ടില്ല . എന്നാൽ നൂറുകണക്കിന് പാസ്റ്ററന്മാരെയും വിശ്വാസികളെയും ബന്ധപ്പെട്ടു എനിക്കെതിരെ സന്ദേശങ്ങൾ അയയ്ക്കുകയും നേരിട്ട് ഫോണിൽ വിളിക്കുകയും ചെയ്തവരുണ്ട് . അത് പലരും അറിയിക്കുകയുണ്ടായി . എന്നാൽ ഒരു വാക്കുപോലും തിരിച്ചു പറഞ്ഞിട്ടില്ല . പറയുകയുമില്ല . ഇനി പറഞ്ഞിട്ടു ഒരു കാര്യവുമില്ല എന്നറിയാം . അകാരണമായി അത്രയ്ക്ക് ആക്ഷേപം അനുഭവിച്ചുകഴിഞ്ഞു . എനിക്കെതിരെ കരുക്കൾ നീക്കിയവരോടും എന്നെ ആക്ഷേപിച്ചവരോടും ദൈവം ക്ഷമിക്കട്ടെഎന്ന പ്രാർത്ഥനയെ ഉള്ളു . ശാരീരികമായി വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ താല്പര്യമുള്ളവർ പ്രാർത്ഥിക്കണം എന്ന അപേക്ഷമാത്രമേ ഉള്ളു . വിവാദ വിഷയങ്ങളിൽ നിന്നും ഞാൻ വിടപറയുന്നു . ഇനിയും മാനസികവേദനയുണ്ടാക്കുന്ന ആക്ഷേപങ്ങളും മാനസികപീഡനങ്ങളും സഹിക്കാനുള്ള അവസ്ഥയിലല്ല ഞാൻ .മാനസികപിരിമുറുക്കത്തിൽ എനിക്കുസംഭവിക്കാവുന്ന എല്ലാറ്റിനും ഉത്തരവാദികൾ വെറുതെ ദ്രോഹിക്കുന്നവർ തന്നെയാണെന്ന് അറിയിക്കട്ടെ .വളരെ ഒറ്റപ്പെട്ടു ജീവിക്കുന്ന ആളാണ് ഞാൻ എൻറെ കുടുംബം എനിക്ക് നൽകുന്ന പിന്തുണയും ആശ്വാസങ്ങളും മാത്രമാണ് ഉള്ളത് . എല്ലാറ്റിൽ നിന്നും ഞാൻ അകലം പാലിക്കുന്നു . ദയവുചെയ്ത് എന്നെ ദ്രോഹിക്കുന്നവർ ഇത് മനസിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു . പാസ്റ്റർ കെ സുദർശനൻ പിള്ള

Comments are closed.