പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

കേരളത്തിൽ ഐപിസി സഭാരാഷ്ട്രീയം അതിരുവിടുന്നു ! സഭാ ജനങ്ങളുടെ എതിർപ്പുകൾ വർദ്ധിക്കുന്നു

ഐപിസി സംസ്ഥാന ഇലക്ഷൻ പ്രഖ്യാപിച്ചതോടുകൂടി സഭാരാഷ്ട്രീയവും അതിരു കടക്കുന്നു . ഇന്നലെവരെ വിശുദ്ധിയും വേർപാടും വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽനിന്നും വേർപെടേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചു പ്രസംഗിച്ചവർ അതെല്ലാം കാറ്റിൽപറത്തി  ലോകജാതികൾ പോലും ചെയ്യാത്തനിലയിലുള്ള നിലവാരം കുറഞ്ഞ രാഷ്ട്രീയക്കളികളാണ് സഭാതലത്തിലൂടെ ചെയ്യുന്നത് . യുവജനങ്ങളെ മുന്നിൽ നിർത്തി തങ്ങളുടെ കാര്യസാധ്യത്തിനായി വേഷം കെട്ടിയാടിക്കുന്ന ചില സഭാരാഷ്ട്രീയക്കാരാണിതിനുപിന്നിൽ യുവജനങ്ങളെ വഴിതെറ്റിക്കുന്നത് . മാതാപിതാക്കൾ ഏറെ ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കൾ സത്യത്തിൽ ജീവിക്കേണം എന്നുള്ളതാണ് . അതിനുവേണ്ടി അവർ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യുന്നു . പ്രാർത്ഥനയുടെ ശക്തിയാൽ തങ്ങളുടെ മക്കൾ ആത്മീയമായി മുന്നോട്ടുപോകാൻ സ്വപ്നം കാണുന്നു .എന്നാൽ പ്രാർത്ഥനയുടെ ഫലമായി ഇവർ സഭാതലത്തിലെത്തുമ്പോൾ അവിടെ നിന്നും അവരെ വല്ലാത്ത അവസ്ഥയിലേക്ക് കൊണ്ടുപോകുവാൻ ചില നേതാക്കൾ രംഗത്തുവരുന്നു . അവരുടെ നിർദ്ദേശത്താൽ കിംഗ് മേക്കറാകാൻ ആത്മീയം കളഞ്ഞുകുളിച്ച ചിലരെ സഭയ്ക്കുള്ളിൽ സാത്താൻ അഭിഷേകം ചെയ്തു നിർത്തുന്നു . ആത്മീകമായി മുന്നോട്ടുപോകാൻ തീരുമാനിച്ച യുവാക്കളോട് ചങ്ങാത്തം കൂടി സഭാനേതാക്കളുമായി കൂട്ടിമുട്ടിച്ചു മാതാപിതാക്കളെ കബളിപ്പിച്ചു മക്കൾ സഭാനേതാക്കന്മാരോടുകൂടെ നടത്തുന്നു  .ഇതിലെ തന്ത്രം മനസിലാക്കാത്തവർ അത് നല്ലതാണ്  എന്ന്  കണക്കു കൂട്ടുന്നു . എന്നാൽ ഇവരാരും അറിയുന്നില്ല തങ്ങളുടെ മക്കളെ ഇവർ ഇരട്ടി നരകായോഗ്യർ ആക്കുകയാണെന്നുള്ളത് . അവർ ഉപവസിച്ചതും പ്രാർത്ഥിച്ചതും ഒക്കെ വെറുതെ ആയിപ്പോയി എന്ന് വരത്തക്കവണ്ണമാണ് ഇന്ന് കാര്യങ്ങൾ നീങ്ങുന്നത്

സെകുലർ രാഷ്ട്രീയത്തിൽ യുവജങ്ങളെ മുന്നിൽ നിർത്തി മുതിർന്നവർ കാര്യങ്ങൾ നേടുന്നു . യുവജനങ്ങളിൽ എത്രയധികം പേർ സ്‌കൂൾ കോളജ് രാഷ്ട്രീയത്തിലൂടെ നേതാക്കൾക്ക് വേണ്ടി ജീവൻ ഹോമിക്കപ്പെട്ടു . ജീവിതത്തിൻറെ സകലതും തങ്ങളുടെ മക്കളുടെ നന്മക്കായി ചിലവഴിച്ചു അവരിലൂടെ  ജീവിത നന്മ കാണാൻ നോക്കിയിരുന്നവർ മക്കളുടെ വിറങ്ങലിച്ച വെട്ടുകൾ അനവധിയേറ്റു മൃതശരീരമായി വീട്ടിനുള്ളിൽ എത്തിക്കുമ്പോൾ തകർന്നത് അവരുടെ സ്വപ്നമായിരുന്നു . അതുപോലെതന്നെ പെന്തകൊസ്തിലെ യുവജനങ്ങളെ വഴിതെറ്റിക്കുന്ന സഭാരാഷ്ട്രീയം കുത്തിവച്ചു ആത്മീയ മരണം സംഭവിച്ച എത്രയെത്ര യുവാക്കന്മാരാണ് ഇന്ന് ഐപിസിയിൽ ഉള്ളതെന്നോർക്കണം . ഈ രാഷ്‌ട്രീയത്തിൻറെ ഇരകളായവർ നിരവധിയാണ് . സ്വന്തം വീട്ടിൽ രാത്രി പ്രാർത്ഥനക്കു എത്ര യുവാക്കന്മാരെ മാതാപിതാക്കളോടൊപ്പം ലഭിക്കുന്നുണ്ട് . വീട്ടിലെ പാട്ടുപുസ്തകം കൈകൊണ്ടുതൊടത്താവർ . സഭാ കൺവൻഷൻ പാട്ടുപുസ്തകം സഭാജനങ്ങളുടെ മുമ്പാകെ കീറിക്കളഞ്ഞു രസിക്കുന്നു . ആരുടേയും മുഖത്തുനോക്കി അതിരുവിട്ട വാക്കുകൾ പറയാത്തവർ പ്രസിഡണ്ടിനെ മടിക്കുത്തിനു പിടിക്കുന്നു നെഞ്ചത്തു പിടിച്ചു തള്ളുന്നു . ഇത്രയും ഒക്കെ പോരെ മക്കളുടെ പ്രവർത്തി . ഇതൊക്കെ ചെയ്തിട്ട് മുന്തിയ ഹോട്ടലിൽ കയറി നേതാക്കന്മാരോടൊപ്പം ഭക്ഷണം കഴിച്ചു വീട്ടിലെത്തുകയും എവിടെ ആയിരുന്നു എന്ന് വീട്ടുകാർ ചോദിക്കുമ്പോൾ സഭാനേതാവിനോടുകൂടെ ആണ് എന്ന് പറയുകമാത്രമല്ല മറിച്ചു മൊബൈലിൽ നേതാവിനോട് സംസാരിപ്പിക്കുന്നു . ഈ സമയം മാതാപിതാക്കൾ വളരെ സംതൃപ്തരാണ് . ഒരു കാര്യം മാതാപിതാക്കൾ മറന്നുപോകുന്നു .

സെക്കുലർ രാഷ്ട്രീയക്കാർ തങ്ങളുടെ കാര്യസാധ്യത്തിനായി യുവാക്കന്മാരെ ഉപയോഗിച്ചിട്ട് ബാർ ഹോട്ടലിൽ കയറ്റി മദ്യം ഉൾപ്പടെ വലിയ വിരുന്നുസത്കാരം നടത്താറുണ്ട് . അങ്ങനെയുള്ളവർ വീണ്ടും വീണ്ടും ഇവരോടൊപ്പം നീങ്ങും മാതാപിതാക്കളിൽ നിന്നും അകന്നകന്നു പോകും . അതെ അനുഭവം തന്നെയാണ് ആത്മീയമണ്ഡലത്തിലെ രാഷ്ട്രീയക്കാരും തലമുറകളെ നശിപ്പിക്കുന്നത് . തങ്ങളുടെ മക്കളെ ഇതിലൊന്നും ഇറക്കുകയില്ല , മറ്റുള്ളവരുടെ മക്കളെയാണ്ഇറക്കുന്നതു. ദൈവത്തെ ഭയപ്പെടുന്ന മാതാപിതാക്കളോട് ഒരു വാക്കു പറയട്ടെ . സെക്കുലർ രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ നിങ്ങളുടെ മക്കളെ വിട്ടാൽ അവർ നശിക്കയില്ല . കാരണം അവരിൽ ആത്മീയതയില്ല . എന്നാൽ ആത്മീയതയുടെ ഉന്നതിയിൽ നിൽക്കുന്നവരെന്നു അഭിമാനിക്കുന്ന ചില നേതാക്കന്മാർ ഈ യുവാക്കന്മാരെ ഉപയോഗിച്ച് ഊമക്കത്തുകൾ എഴുതിക്കാനും വ്യാജം പ്രചരിപ്പിക്കാനും അത് ഏറ്റു പാടാനും ഇവരെ ഉപയോഗിച്ച് ഇല്ലായ്മചെയ്യുമ്പോൾ പിന്നീട് ഈ നേതാക്കന്മാർ പറയുന്ന വിശുദ്ധ വചനങ്ങൾ എല്ലാം ഇവരുടെ വായിൽ നിന്നും തന്നെ വരുമ്പോൾ അതിനെ ഇവർ പുറംകാലുകൾ കൊണ്ട് തട്ടിയെറിയും . കാരണം ഇവർ ആരാണെന്നു ഈ യുവാക്കൾക്ക് നന്നായറിയാം . ആത്മീയതക്ക് ഒരു മുഖവും പദവിക്കുവേണ്ടി മറ്റൊരു ,മുഖവും കാണിക്കുന്നവരാണ് സഭാനേതാക്കന്മാർ . അങ്ങനെ അവർ ദൈവസഭയ്ക്കുള്ളിലെ പ്രശ്നക്കാരായും ദൈവമില്ലാത്ത വിശ്വാസികളെയും വേഷം കെട്ടിയാടും .ഇപ്പോൾ മക്കൾ ഇവരുടെ പുറകെ നടക്കുന്നു . ഇവരൊക്കെ വീട്ടിൽ വന്നിട്ട് എത്ര നാളായി . രാവിലെ മുതൽ ഇലക്ഷൻ എന്ന തൊഴിലുറപ്പു പദ്ധതിയിലൂടെ നാട് ചുറ്റുകയല്ലേ ചെയ്യുന്നത് . നേതാവിനുവേണ്ടി വോട്ടുപിടിക്കുന്നതിനും കള്ളപ്പണം വോട്ടറന്മാർക്കു കൈമാറുന്നതിനും വോട്ടിനുവേണ്ടി ദലാൾ പണി ചെയ്യാനുമല്ലേ ഇവർ പോകുന്നത് . ഇങ്ങനെ പോയിട്ട് അവർ വീടുകളിലേക്ക് മടങ്ങിവരുമ്പോൾ ദൈവശിക്ഷയുമായിട്ടാണ് വീടുകളിൽ എത്തുന്നതെന്ന് എത്രപേർക്കറിയാം . തങ്ങളുടെ തലമുറകളെ ദൈവരാജ്യത്തിൽ എത്തിക്കാൻ ആഗ്രഹിക്കുന്നവർ ഇവരെ തടയുക . യുവജനസംഘടന സേവനത്തിനായി രക്ഷയ്ക്കപ്പെട്ടു എന്ന ആപ്തവാക്യവുമായി പിതാക്കന്മാർ പറഞ്ഞ വാക്കുകൾ ഉരുവിട്ടുകൊണ്ടു പിതാക്കന്മാരുടെ ലക്ഷ്യത്തെ ഇല്ലാതാക്കി കള്ള നേതാക്കന്മാർക്ക്വേണ്ടി ചാവേറാകാൻ ഇവർ ഇറങ്ങി . കർത്താവ് ക്രൂശും ചുമന്നുകൊണ്ട് പോകുമ്പോൾ പാതയോരത്ത് മാറത്തടിച്ചു കരഞ്ഞ സ്ത്രീകളോട് പറഞ്ഞ വാക്കുകൾ നമ്മുടെ കാതുകളിൽ മന്ത്രിക്കട്ടെ ”യെരുശലേം പുത്രിമാരെ നിങ്ങൾ എന്നെച്ചൊല്ലി കറയേണ്ടാ ,നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിൻ ”. അതെ നമ്മുടെ മക്കളെ ഓർത്ത് കരയാം . ഇല്ലെങ്കിൽ ഈ സഭാരാഷ്ട്രീയം കളിക്കുന്ന നിർത്താക്കന്മാർ അവരെ നശിപ്പിക്കും തീർച്ച!

Comments are closed.