പ്രബോധനം പുതിയ ലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ഉപദേശം സ്ഥാപിക്കാൻ വ്യാജവുമായി പാസ്റ്റർ കെ കെ ചെറിയാൻ

വളരെ ദുഃഖത്തോടുകൂടി തുടങ്ങട്ടെ . ആത്മീയ പ്രഭാഷണരംഗത്തു സത്യം മാത്രം വിളിച്ചുപറഞ്ഞു പ്രസംഗിച്ചു ആത്മാക്കളെ രക്ഷയിലേക്കു നടത്തുന്നവരാണ് ദൈവീക പ്രഭാഷകർ . അതിനാൽ ആത്മാക്കൾ രക്ഷിക്കപ്പെട്ടു ദൈവസഭയുടെ അംഗങ്ങൾ ആകുമായിരുന്നു . ഇന്ന് പ്രസംഗം ഉണ്ടെങ്കിലും ആത്മാക്കൾ രക്ഷിക്കപ്പെടാത്തതിൻറെ കാരണം എന്താണ്?. സത്യം ഇല്ലാത്ത പ്രസംഗങ്ങളാണ് ഇന്ന് നടക്കുന്നത്. കള്ളം പറയാൻ നടക്കുന്നവർക്ക് ദൈവമക്കളുടെ പണം മുടക്കി ചിലർ വേദികൾ ഒരുക്കുന്നു. അവർ വന്നിട്ട് നട്ടാൽ കുരുക്കാത്ത കള്ളം വിളിച്ചുകൂകി ജനത്തിൻറെ  കയ്യടി വാങ്ങി പോകുന്നു. ഇത് തുടങ്ങിയിട്ട് കാലങ്ങളായി . ഇവരൊക്കെ പറയുന്ന കാര്യങ്ങളെ അതെ പടി കേട്ട് ആമ്മേൻ പറഞ്ഞിരുന്ന കാലം മാറി . ഇന്ന് പരസ്യമായി ഇത് തെറ്റാണെന്നു പറയാൻ നട്ടെല്ലുള്ളവർ രംഗത്തുണ്ട്. ഒരുപക്ഷെ ഇവരെയൊക്കെ പിന്തുണക്കുന്നവർ പറയും ഈ എതിർക്കുന്നവർക്ക് ദൈവശിക്ഷ വരാൻ കാലമായി . എതിർക്കുന്നവർക്ക് ഏതെങ്കിലും തരത്തിൽ രോഗമോ അപകടമോ അവരുടെ കുടുംബാംഗങ്ങളിൽ ആരെങ്കിലും പെട്ടന്ന് മരിക്കുകയോ ചെയ്‌താൽ ഇന്നാരോട് എതിർത്തതിനു ദൈവം കൊടുത്ത ശിക്ഷയാണന്നു പ്രചരിപ്പിക്കും . ഇത് പറയുന്നത് തികച്ചും അനാത്മീയർ തന്നെയെന്ന് ചിന്തിച്ചുകൊള്ളണം . കാരണം പരാമഭക്തരെന്ന് ചിലർ പറയുന്ന വ്യക്തികൾക്ക് മുകളിൽ പറഞ്ഞിരിക്കുന്ന എന്തെങ്കിലും സംഭവിച്ചാൽ അത് ദൈവഹിതവും വിമർശിക്കുന്നവർക്ക് സംഭവിച്ചാൽ അത് ദൈവത്തിൻറെ കടുത്ത ശിക്ഷയുമാണ് . യേശുവിനു മുന്നോടിയായി വന്ന സ്നാപക യോഹന്നാൻ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു . യേശുവും വിമർശിക്കുകയും താക്കീതു ചെയ്യുകയും ചെയ്തിരുന്നു. പരീശന്മാരെ വളരെയധികം യേശു വിമർശിച്ചിരുന്നു. ദൈവം ഉപയോഗിച്ചിരുന്ന ധാരാളം പ്രവാചകന്മാർ ഈ നിലപാടുകൾ സ്വീകരിച്ചിരുന്നു. നമ്മുടെ വിഷയം അതല്ലാ എങ്കിലും ഒരു ബോധവൽക്കരണം നടത്തിയെന്നുമാത്രം ചിന്തിച്ചാൽ മതി

ജനപ്രീയ പ്രസംഗകൻ എന്ന് സ്വയം വിശേഷിപ്പിക്കുകയും മറ്റുള്ളവരെക്കൊണ്ട് പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന പാസ്റ്റർ കെ എ എബ്രഹാം ചെയ്ത പതാക പ്രസംഗം ഇന്നും യുട്യൂബിൽ ആക്ഷേപഹാസ്യമായി തന്നെ വൈറലാകുന്നുണ്ട് . അത് നമ്മൾ മറന്നുപോകരുത് . ദൈവവചനം വായിപ്പിച്ചിട്ടു കള്ളത്തരം പ്രസ്താവിക്കുകയും ജനത്തെ ഇളക്കുകയും ആമ്മേൻ പറയിപ്പിക്കുകയും ചെയ്യുന്നപ്രസംഗകർ ദൈവമുമ്പാകെ കണക്കു കൊടുക്കണം . ഇവിടെ ഉദ്ധരിക്കുന്നവിഷയം അങ്ങനെയുള്ളതല്ല. ഏറെ ക്രൈസ്തവസമൂഹം പ്രസംഗവേദിയിൽ അംഗീകരിച്ചിരുന്നു പാസ്റ്റർ കെ കെ ചെറിയാൻ പ്രസ്താവിച്ചു കയ്യടി നേടിയ ഒരു പ്രസ്താവനയാണ് ഇവിടെ വിവരിക്കുന്നത് . അദ്ദേഹം എവിടെയോ പ്രസംഗിച്ച ഒരു പ്രഭാഷണത്തിൻറെ  വീഡിയോ യു ട്യൂബിൽ പ്രചരിക്കുന്നുണ്ട്. ആഭരണധാരണമാണ് വിഷയം . അതിൽ അദ്ദേഹം പറയുന്നു എറണാകുളം പള്ളിമുക്ക്‌ ഐപിസി സഭയിലെ ഒരു വിശ്വാസി * പാസ്റ്റർ കെ കെ ചെറിയാൻ പ്രസ്തുതസഭയിൽ ആറുവർഷം ശുശ്രൂഷിച്ചുവെന്നും പറയുന്നു . (എന്നാൽ അദ്ദേഹം ആ സഭയിൽ ശുശ്രൂഷിച്ചിട്ടില്ല എറണാകുളം വളഞ്ഞമ്പലം സഭയിലാണ് ശുശ്രൂഷിച്ചത് ) വളഞ്ഞമ്പലം സഭയിലെ ഒരു വിശ്വാസി ആഭരണം ധരിച്ചെത്തിയതിനാൽ ആ കുടുംബത്തിന് അന്നത്തെ ശുശ്രൂഷകൻ കർതൃമേശ കൊടുക്കാതെ വിലക്കേർപ്പെടുത്തി ( അന്ന് അവിടെ ശുശ്രൂഷിച്ചത് ഇന്ന് ഐപിസി കോട്ടയം സൗത്ത് സെൻറർ ശുശ്രൂഷകൻ ആയിരിക്കുന്ന പാസ്റ്റർ കെ ഇ തോമസ് ആയിരുന്നു ).

എന്നാൽ അതിനെതിരെ പ്രസ്തുത വ്യക്തി കേരളാ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തുവെന്നും അദ്ദേഹത്തെ കോടതി വിസ്തരിച്ചു താക്കീതു ചെയ്തുവെന്നും ആ സഭയുടെ തീരുമാനം ആഭരണധാരണം ശരിയല്ല എന്നുള്ളതാണെന്നും അതിനാൽ ആഭരണം ധരിക്കാനനുവദിക്കുന്ന മറ്റേതെങ്കിലും സഭയിലേക്കു താങ്കൾക്കു പോകാം എന്നും ഹൈന്ദവരായ ജഡ്ജിമാർ വിധിച്ചുവെന്നും ഹൈക്കോടതി വിധിയുടെ പകർപ്പ് തൻറെ  പക്കൽ ഉണ്ടെന്നും മാത്രമല്ല കൂടുതൽ അറിയാൻ ബ്രദർ തോമസ് വടക്കേക്കുറ്റ്‌ മുതലായവരോട് അന്വേഷിച്ചാൽ അറിയാമെന്നും ഹൈന്ദവ ജഡ്ജിമാർക്ക് മനസിലായ വിവരം ഇന്നത്തെ പെന്തക്കോസ്തുകാർക്കു മനസിലാകുന്നില്ലെന്നും ആവേശത്താൽ തിളച്ചുമറിഞ്ഞു അദ്ദേഹം പ്രസംഗിച്ചു . ഇത് കേട്ട് ജനം തിമിർത്താരാധിക്കുന്നു . എന്നാൽ ഇത് പച്ചക്കള്ളമാണ് പാസ്റ്റർ കെ കെ ചെറിയാൻ പ്രസ്താവിച്ചത് . ചെറിയ കേസുകൾ ഹൈക്കോടതിയിൽ കൊടുക്കുവാൻ സാധിക്കയില്ല സിവിൽ കോടതികൾക്കും സെഷൻ കോടതികൾക്കും കൈകാര്യം ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് ഹൈക്കോടതി പരിഗണിക്കുക . ഒരു ആഭരണധാരണ വിഷയം ഹൈക്കോടതി കൈകാര്യം ചെയ്തു എന്ന് പറയുകയും കോടതിയിൽ ചെല്ലാത്ത കേസിനു കോടതി വിധി പറഞ്ഞുവെന്നും അതിൻറെ വിധിപ്പകർപ്പു തൻറെ  കൈവശം ഉണ്ടെന്നും ആർക്കുവേണമെങ്കിലും തരാൻ തയ്യാറാണെന്നുമുള്ള രീതിയിൽ വ്യാജം പറഞ്ഞത് കോടതി അലക്ഷ്യവും വലിയ കുറ്റകരമായ സംഗതിയുമാണ് .

പാസ്സ്റ്റാർ കെ കെ ചെറിയാൻറെ വിചാരം പെന്തക്കോസ്തുകാരുടെ ഇടയിൽ എന്തുപറഞ്ഞാലും അതിനു ആരും പ്രതികരിക്കയില്ല എന്നും കേട്ടോണ്ട് പൊയ്ക്കോളും എന്നുമാണ്. എന്നാൽ അങ്ങേയ്ക്കു തെറ്റുപറ്റി . സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാനുള്ള നട്ടെല്ലുവര് പെന്തക്കോസ്തിളുണ്ടെന്നു മറന്നുപോകരുത് . ആഭരണധാരണത്തെ എതിർക്കുന്ന ചിലർ കൊണ്ട് വന്നു പ്രചരിപ്പിക്കുന്നത് പാസ്റ്റർ കെ കെ ചെറിയാൻറെ ഈ വീഡിയോ ക്ലിപ്പാണ് . അങ്ങുതന്നെ മനസാക്ഷിയോട് ചോദിച്ചു നോക്കൂ . അങ്ങ് ഈ പറഞ്ഞത് പച്ചക്കള്ളമല്ലേ ?. അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോ?.പാസ്റ്റർ കെ കെ ചെറിയാൻ അവർകൾ സഭാ വിശ്വാസികളോട് സഭയ്ക്കകത്തു പ്രസംഗിക്കേണ്ട വിഷയം പൊതു കണ്വന്ഷനുകളിൽ പറയും. സമുദായക്കാരും മറ്റിതര ആളുകളും പ്രഭാഷണം കേൾക്കാൻ വരുമ്പോൾ അവർ ധരിച്ചിരിക്കുന്ന ആഭരണം കാണുമ്പോൾ ഇദ്ദേഹത്തിന് ഹാലിളകും . പിന്നെ അവരെ ആഭരണം ഊരിച്ചേ ഇദ്ദേഹം അടങ്ങുകയുള്ളൂ . ഇത് നിമിത്തം പലരും പിന്നീട് സംഘാടകരോട് എതിർത്തിട്ടുണ്ട്. പാസ്റ്റർ കെ കെ ചെറിയാൻ അവർകളെ വളരെ ബഹുമാനിച്ചിരുന്നു എന്നാൽ സുവിശേഷത്തിൻറെ  പേരിൽ അദ്ദേഹം പുറപ്പെടുവിക്കുന്ന വാക്കുകൾ പൊലൂഷനായി മാറുകയാണ് . അദ്ദേഹം പ്രസംഗിക്കുന്ന ആഡംബരത്തിനെതിരായ തത്വങ്ങൾ അദ്ദേഹത്തിൻറെ  കുടുംബാംഗങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം അപ്പോഴറിയാം  ഇരുളും വെളിച്ചവും . പാസ്റ്റർ കെ കെ ചെറിയാൻ പറഞ്ഞത് ശുദ്ധ കള്ളമാണ് എന്ന് പറഞ്ഞതിന് ഈയുള്ളവൻ ശിക്ഷാവിധി അനുഭവിക്കും എന്ന് ചിലപ്പോൾ ഇങ്ങനെയുള്ളവരെ ദൈവമായി കാണുന്നവർ പറഞ്ഞേക്കാം . എന്നാൽ ഒരു ദൈവ വിശ്വാസി എന്ന നിലയിൽ ഇത് പറഞ്ഞതുകൊണ്ട് ദൈവത്തിൽ നിന്നുമുള്ള  എനിക്ക് ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു. രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറഞ്ഞ ബാലകനാണ് എന്ന് കരുതിയാൽ മതി . ഇനിയും ഇവിടെ വ്യാജം കൊണ്ട് ആരും അമ്മാനമാടരുത്

വളഞ്ഞമ്പലത്തു സംഭവിച്ചതെന്ത് ?

ആഭരണാധാരണത്തിൻറെ മറവിൽ സംഭവിച്ചതെന്ത്?വളരെ അംഗീകരിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു ഇവരുടെ ഇര . മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ പ്രധാന ചുമതലയുള്ള വ്യക്തിയുമായിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ ഒരു വലിയ ക്രൈസ്തവസഭയുടെ പ്രധാന മെത്രാൻറെ സഹോദരിയുടെ മകളാണ് എന്നാണറിവ് . ഇവർ കർത്താവിനെ അറിയുകയും എതിർപ്പുകൾ ധാരാളം സ്വകുടുംബത്തിൽ നിന്നും ഉണ്ടാകുമെന്നതിനാലും സ്നാനപ്പെടുവാൻ അന്ന് ഏറെ പുരോഹിതന്മാരെയും മറ്റും സ്നാനപ്പെടുത്തിയിരുന്ന പാസ്റ്റർ കെ സി ജോൺ പാസ്റ്ററുടെ കൈക്കെഴിൽ നെടുമ്പ്രം സഭയിൽ ആഭരണധാരിയായി തന്നെ സ്നാനമേറ്റു . ആദ്യ കർത്തൃമേശയും ആഭരണമിട്ടുകൊണ്ടുതന്നെ എടുത്തു . അത് നേരിട്ട് കൊടുത്തതും പാസ്റ്റർ കെ സി ജോൺ  തന്നെ ആയിരുന്നു എന്ന് പറയുന്നു . അതിനുശർഷം ഐപിസി വളഞ്ഞമ്പലം സഭയിലും ആഭാരമിട്ടുകൊണ്ടു തന്നെ പല ശുശ്രൂഷകന്മാരും കർതൃമേശ കൊടുത്തിരുന്നു . അങ്ങനെ എട്ടു വർഷം ഇത് തുടരുകയും ചെയ്തു . ഇവരുടെ വിവാഹം തൃശൂർ നെല്ലിക്കുന്ന് എന്ന സ്ഥലത്തു പാസ്റ്റർ കെ ഒ വർഗ്ഗീസ് (പീച്ചീ മാസ്റ്റർ )നടത്തുകയും ചെയ്തു. തുടർന്ന് എറണാകുളം സഭയിൽ സ്ഥിരാംഗമായിരുന്നു . അവിടെ ആഭരണധാരണത്തോടുകൂടി തന്നെ കർത്തൃമേശയിലും പങ്കെടുത്തുകൊണ്ടിരുന്നു . ആരും എതിർത്തിരുന്നില്ല. എന്നാൽ ഇവരുടെ ഭർത്താവായ സഹോദരൻ ഐപിസി കേരളാ സംസ്ഥാന കൗൺസിൽ അംഗം കൂടി ആയിരുന്നു . വളഞ്ഞമ്പലം സഭയിലുണ്ടായ സഭയുടെ രെജിസ്ട്രേഷൻ സംബന്ധിച്ച് ഉണ്ടായ പ്രശ്നത്തിൽ ഇദ്ദേഹം സഭയിലെ ചിലരുടെ ഇഷ്ടത്തിന് വിരുദ്ധം നിന്നുകൊണ്ട് ഇദ്ദേഹത്തെ ചിലർ എതിർത്തിരുന്നു . അദ്ദേഹം ഇത് സ്റ്റേറ്റ് കൗൺസിലിലും സംസാരിച്ച വിഷയമായിരുന്നു. ഇദ്ദേഹത്തെ ഇനി വച്ചുകൊണ്ടിരുന്നാൽ തങ്ങളുടെ താല്പര്യം സംരക്ഷിക്കപ്പെടുകയില്ല എന്നുകണ്ടു സഭയിൽ നിന്നും പുകച്ചു ചാടിക്കാൻ അന്നത്തെ നേതൃത്വം കൂട്ടായി നിന്ന് തന്ത്രങ്ങൾ ആവിഷ്കരിച്ചു . ഇദ്ദേഹം പല പ്രാവശ്യം അന്നത്തെ ശുശ്രൂഷകനോട് കാര്യങ്ങൾ പറയാൻ അദ്ദേഹത്തിന്റെ  വസതിയിൽ ചെന്നപ്പോഴെല്ലാം അദ്ദേഹത്തെ ആട്ടിയോടിക്കുകയായിരുന്നു . തുടർന്ന് ഒരു ഞായറാഴ്ച ആരാധനയിൽ നടന്ന കർത്തൃമേശയിൽ പാസ്റ്റർ പറഞ്ഞു ആഭരണധാരികളായവർ കർത്തൃമേശയിൽ സംബന്ധിക്കരുത് . തലേ ആഴ്ചവരെ കർതൃമേശ കൊടുക്കുകയും പ്രസ്താവനകൾ നടത്താതിരിക്കുകയും ചെയ്ത പാസ്റ്റർ ഇത് പറഞ്ഞതിൻറെ ഉദ്ദേശമെന്തു? ബുദ്ധിയുള്ളവർ ചിന്തിക്കുക . പാസ്റ്റർക്കു ഉപദേശത്തോടുള്ള അടുപ്പമായിരുന്നു അതോ മറ്റെന്തെങ്കിലും അജൻഡ ആയിരുന്നോ?

അദ്ദേഹത്തിനെതിരായി പെട്ടന്ന് നടപടിയും കൈക്കൊണ്ടു . ഈ സഹോദരൻ എത്രയും വേഗം സഭയിൽ നിന്നും ബഹിഷ്കരിക്കുവാൻ തത്രപ്പാടുകൂട്ടിയവർ ശുശ്രൂഷകനുമായിചേർന്ന് കളിച്ച അവിശുദ്ധബന്ധത്താൽ ഇദ്ദേഹത്തിനെതിരായി എടുത്ത നടപടിക്കെതിരെ വക്കീൽ നോട്ടീസ് അന്നത്തെ പാസ്റ്ററായിരുന്ന പാസ്റ്റർ കെ ഇ തോമസിൻറെ പേർക്ക് കൊടുക്കുകയും അദ്ദേഹം അത് കൈപ്പറ്റുകയും ചെയ്തു. അതിനു കാര്യമായ ഒരു പ്രതികരണവും ലഭിക്കാഞ്ഞതിനാൽ ഈ സഹോദരൻ സെഷൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. അനന്തരം കോടതി നടപടികൾ ഒന്നും തന്നെ സ്വീകരിച്ചേര്ന്നില്ല . പ്രതിഭാഗത്തിനു കോടതി നോട്ടീസ് ലഭിക്കുന്നതിന് മുമ്പു കേസ് ഫയൽ ചെയ്ത സഹോദരന് ദൈവീക ഇടപെടീൽ ഉണ്ടാകുകയും കോടതിയിൽ പോകുന്നത് വിഹിതമല്ലായെന്നും നിങ്ങളുടെ ഇടയിൽ ഈ വ്യവഹാരം തീർക്കാം മതിയായ ജ്ഞാനിയില്ലയോ എന്നും അഭക്തരുടെ ഇടയിൽ വിധി നേടാൻ പോകുന്നത് തെറ്റാണെന്ന ബോധം ഉണ്ടാകുകയും സഭാ പാസ്റ്ററുടെ മുന്നിൽ ചെന്ന് കേസ് കൊടുത്തത് തെറ്റായിപ്പോയി ക്ഷമിക്കണമെന്നും പറഞ്ഞു ക്ഷമചോദിച്ചു. അന്നത്തെ പാസ്റ്റർ അതിനു  മനസ് വയ്ക്കാതെ ഇദ്ദേഹത്തെ ആക്ഷേപിക്കയാണുണ്ടായതെന്നു അദ്ദേഹം പറയുന്നു.

എന്നാൽ ഇനിയും ഈ സഭയിൽ നിൽക്കുന്നില്ല എന്ന് കണ്ടു അദ്ദേഹത്തിൻറെ   അഭിഭാഷകനായ അഡ്വ. ദാന്തപാനിയുമായി  സംസാരിച്ചു കേസ് പിൻവലിച്ചു . അദ്ദേഹം സ്വമനസ്സാലെ ഐപിസി വളഞ്ഞമ്പലം സഭയുടെ പടിയിറങ്ങുകയായിരുന്നു. അല്ലാതെ പാസ്റ്റർ കെ കെ ചെറിയാൻ പറയുന്നതുപോലെ ഹൈക്കോടതി വിധിയോ അപ്രകാരം ഹൈക്കോടതിയിൽ ഒരു കേസോ ഉണ്ടായിരുന്നില്ല. ഇല്ലാത്ത കേസിന്റെ വിധിപ്പകർപ്പു കൈവശം ഉണ്ടെന്നു പറഞ്ഞു വ്യാജപ്രസ്താവനകൾ ഇറക്കരുത് . നാളിതുവരെ ജനത്തോടു പ്രസംഗിച്ച പാസ്റ്റർ കെ കെ ചെറിയാൻ ഇവിടെ സാത്താൻറെ നാവായി മാറിയതിൽ ഖേദമുണ്ട് . ഐപിസി വളഞ്ഞമ്പലം സഭയിൽ ഇന്നും ആഭരണധാരികളായവർ കർതൃമേശ എടുക്കുന്നുണ്ടല്ലോ? ഐപിസി സ്റ്റേറ്റ് സെക്രട്ടറിയുടെ സഹോദരി ആഭരണധാരിയായി ഇന്നും കർതൃമേശ എടുക്കുന്നത് ആരാണ് തടയുന്നതു. ഐപിസി ജനറൽ സെക്രട്ടറിയുടെ സഭയിൽ ആഭാരമിട്ടുകൊണ്ടു സ്നാനം നടത്തുകയും കർത്തൃമേശകൊടുക്കുകയും ചെയ്യുന്നു . പാസ്റ്റർ രാജപൂവക്കാലയുടെ സഭയിൽ ആഭരണധാരികൾ കർതൃമേശ എടുക്കുന്നു .

പ്രധാന കൺവൻഷൻ പ്രസംഗകർ പോലും ആഭരണധാരണത്തെ പ്രോത്സാഹിപ്പിക്കുന്നു . എറണാകുളത്തു പാസ്റ്റർ ടി ഡി ബാബുവിൻറെ സഭയിലും തിരുവനന്തപുരം താബോർ സഭയിലും ആഭരണം ധരിക്കുന്നവരുണ്ട്. ജനറൽ കൗൺസിൽ മുൻ അംഗമായിരുന്ന ഡോ . ഹാബേൽ വർഗ്ഗീസിൻറെ വീട്ടുകാരെല്ലാം ആഭരണം ധരിക്കുന്നവരാണ് . പാസ്റ്റർ ഡാനിയേൽ കൊന്നനില്ക്കുന്നതിൻറെ  സഭയിൽ ആഭരണധാരികൾ കർതൃമേശ എടുക്കുന്നു. കോട്ടയം കഞ്ഞിക്കുഴി ഫിലാഡൽഫിയ ഉത്തരഭാരതത്തിലെ ഒട്ടുമുക്കാൽ ഐപിസി സഭയിലും വിദേശത്തു പലസഭകളിലും ആഭരണധാരികളെ നമ്മുടെയാളുകൾ പ്രോത്സാഹിപ്പിക്കുന്നു.അങ്ങനെയിരിക്കെ സ്വയം നിർമ്മിത കഥയുമായി വ്യാജം പറയാൻ പാസ്റ്റർ കെ കെ ചെറിയാൻ അവർകൾ തുണിയരുതെന്ന അപേക്ഷയാണുള്ളത്. വളഞ്ഞമ്പലം സഭയിൽ നിന്നും സ്വയം ഒഴിഞ്ഞുപോയ സഹോദരൻ ഇന്ന് ഒരു സഭയുടെ പാസ്റ്ററാണ് അദ്ദേഹത്തോടൊപ്പം ധാരാളം പേര് ദൈവത്തെ ആരാധിക്കുന്നു. ഞങ്ങളുടെ ഈ പ്രതികരണം ആഭരണധാരികളോട് അനുകൂലമായുള്ളതല്ല . എന്നാൽ ആഭരണധാരണത്തെ എതിർക്കാൻ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയെ കരുവാക്കി കള്ളക്കഥ മെനഞ്ഞവരോടുള്ള പ്രതികരണമായിട്ടുവേണം കരുതാൻ. മുകളിൽ പറഞ്ഞ കാര്യം ഒരിക്കൽ കൂടി പറയട്ടെ . പാസ്റ്റർ കെ കെ  ചെറിയാനെ ബാധിക്കുന്ന ഈ വിഷയത്തിൽ ഇതിനെതിരെ പ്രതികരിച്ച പാസ്റ്റർ പിള്ളയ്ക്ക് ഏതാണ്ട് വലിയ ശിക്ഷ വരുമെന്നാരും പ്രവചിക്കണ്ടാ . ഈ വിഷയത്തിൽ ദൈവം പാസ്റ്റർ പിള്ളയോട് കൂടെയുണ്ടെന്നു അദ്ദേഹത്തിനറിയാം . സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ദൈവത്തിനുകൊള്ളാകുന്നവരായി നിൽക്കുവാൻ ദൈവം നമ്മുടെ പ്രഭാഷകർക്കു കൃപാനൽകട്ടെ . പാസ്റ്റർ കെ കെ ചെറിയാൻ ആഭരണധാരണം സ്ഥാപിക്കുവാൻ ഐപിസി വളഞ്ഞമ്പലം സഭയുടെ കാര്യം പറഞ്ഞത് തള്ളിക്കളയുക

 

Comments are closed.