പ്രബോധനം JULYലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

ദൈവസഭയെ ഭരിക്കാനിറങ്ങുന്ന സ്പോൺസർമാർ

ദൈവസഭയിൽ അടുത്തകാലത്തു കടന്നുകൂടിയിരിക്കുന്ന മുതലാളീ സ്വഭാവമുള്ള ചില പണക്കാരാണ് ഈ പേരിനു തൊഴിൽചെയ്യാനിറങ്ങുന്നത് . ഭൗതീകതക്കു സ്പോൺസർ ആവശ്യമാണ് . ഒരു വിദ്യാർത്ഥിക്ക് സാമ്പത്തിക സഹായം നൽകി പഠനത്തിൽ സഹായിക്കുന്നതുപോലെയോ ഭവനമില്ലാത്തവർക്കു വീട് വച്ചുകൊടുക്കാൻ സാമ്പത്തികസഹായം ചെയ്യുന്നതിനോ സ്പോൺസർ ആവശ്യമാണ് . തിരികെ ലഭിക്കാൻ ആഗ്രഹിക്കാത്ത സഹായങ്ങളാണ് സ്‌പോൺസർഷിപ്പ് എന്ന വിഷയത്തിലൂടെ ആഗ്രഹിക്കുന്നത്. അത് മാനുഷീക ആവശ്യത്തിന് എന്നും അത്യന്താപേക്ഷിതമാണ് . ഒരു നേരത്തെയോ ഒരു ദിവസത്തെയോ ഒരു മാസത്തെയോ അല്ലെങ്കിൽ ഒരു വർഷത്തെയോ ഭക്ഷണം വേണമെങ്കിൽ സ്പോൺസർ ചെയ്യാം . അതൊക്കെ അനാഥാലയങ്ങളിലും മറ്റിതര അനുബന്ധഇടങ്ങളിലും സംഭാവന ചെയ്യുന്നവരുണ്ട്.

എന്നാൽ ഇന്നത്തെ സ്വയം പര്യാപ്തമായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ഇടത്തും പലരും പലരെയും ദൈവസഭയുടെ പണിക്കായി പ്രവർത്തനത്തിനായി സുവിശേഷവേലചെയ്യുന്നവരുടെയും  സഭകൾ സ്ഥാപിക്കുന്നവരുടെയും  സ്പോണ്സർമാരായി കണ്ടെത്തി കൊണ്ടുവന്നു ആക്കാറുണ്ട്. ദൈവത്തിൻറെ പണിക്കു സ്പോൺസർ വേണ്ടാ. അങ്ങാനായിരുന്നെങ്കിൽ പരിശുദ്ധാത്മാവിനെ ദ്രവ്യം കൊടുത്ത് വാങ്ങാൻ വന്നവനെ അപ്പോസ്തോലന്മാർ  ശാസിക്കണ്ടായിരുന്നു . പണം മുടക്കി പദവി മോഹിക്കുന്നതു ശരിയല്ല. വേദപ്രമാണത്തിനു എതിരാണ് . യേശുവിൻറെ കാലത്തോ അപ്പോസ്തോലന്മാരുടെ കാലത്തോ ഈ വിധ സ്‌പോൺസർമാർ ഉണ്ടായിരുന്നോ?. ദൈവസഭ നടക്കേണ്ടത് സ്പോൺസർ മുഖാന്തിരമാണോ?. ഈ പദവി കൊടുക്കലിന് വേദപുസ്തകത്തിൽ എന്തെങ്കിലും ആധാരമുണ്ടോ?

സുവിശേഷവേല ചെയ്യുന്നവരുടെ സ്‌പോൺസർഷിപ്പ് ദൈവം തന്നെ ഏറ്റെടുത്തിട്ടുണ്ട്. ”എൻറെ പിന്നാലെ വരുവിൻ ന്യായമായതു തരാം എന്ന് പറഞ്ഞത് അവൻ മാത്രമാണ്. ഞാൻ നിങ്ങളെ ഒരു നാളും  അനാഥരായി വിടുകയില്ല. ഞാനോ ലോകാവസാനത്തോളം എല്ലാ നാളും  നിങ്ങളോടു കൂടെയുണ്ട്” എന്നിത്യാദി കാര്യങ്ങൾ പറഞ്ഞു നിലനിർത്തിയിരുന്നത് ദൈവമാണ്. ഇവിടുത്തെ സ്പോൺസർ ലോകാവസാനത്തോളം കൂടെയിരിക്കുമോ?. ആവശ്യങ്ങളിൽ എല്ലാം സഹായിക്കാൻ വരുമോ?. വളരെ ഞെരുങ്ങിയും ഞെരുക്കിയും തരുന്ന തുകക്ക് കണക്കും റിപ്പോർട്ടും കൊടുക്കണം എങ്കിൽ മാത്രമേ  പിന്നീട് തരികയുള്ളൂ. അതിനും ഒരു കാലാവധി കാണും. എന്നാൽ ദൈവം അങ്ങനെയല്ല. ”ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തം പരമായി നമ്മെ നടത്തുന്നവനാണ്”. മനുഷ്യനിൽ ആശ്രയിച്ചു നടത്താനുള്ളതല്ല സുവിശേഷവേല ,ദൈവത്തിൽ ആശ്രയിച്ചു ചെയ്യേണ്ടതാണ്. ”മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ ദൈവത്തിലാശ്രയിക്കുന്നതു നല്ലത്” .

സ്പോൺസർ എന്ന പദത്തിനേക്കാൾ ദൈവ വേലയെ സഹായിക്കുന്നവരെ വിളിക്കേണ്ടത് പാർട്ട്ണർ എന്നാണ് . നമ്മൾ ചെയ്യുന്ന പ്രവർത്തനത്തിന് നമ്മോടൊപ്പം പ്രവർത്തിക്കുന്ന പാർട്ട്ണർ അതാണ് നല്ല പേര് . എന്നുപറഞ്ഞാൽ സുവിശേഷപ്രവർത്തനത്തിൻറെ കൂട്ടാളി . അല്ലാതെ ദൈവവേലയെ സ്പോൺസർ ചെയ്യത്തക്ക ആരുണ്ടിവിടെ?. ഇല്ലാത്ത പേരുകൾ കൊടുത്ത് ദൈവസഭയെ സാത്താൻറെ തൊഴുത്തിൽ കൊണ്ട് കെട്ടരുത്.

ആർക്കെങ്കിലും ഈ ലേഖനം നല്ലതാണെന്നു തോന്നുന്നെങ്കിൽ നിങ്ങളെ ആരെങ്കിലും സ്പോൺസർ ആക്കി വച്ചിട്ടുണ്ടെങ്കിൽ അവരോടു പറയുക ഞാൻ സ്പോൺസർ അല്ല ! പാർട്ട്ണർ ആണ് . നമുക്ക് ആർക്കും ഒരിക്കലും എത്ര പണമുണ്ടെങ്കിലും ദൈവസഭയുടെ സ്പോൺസർ ആകാൻ പറ്റുകയില്ലെന്നറിയുക. ആരെങ്കിലും ഈ വിധ പദവി തന്നിട്ടുണ്ടെങ്കിൽ അത് അവരുടെ അറിവുകേടാണ് എന്ന് കരുതുക . അത് ഉപേക്ഷിക്കുക !പാർട്ട്ണർ പദവി ചോദിച്ചു വാങ്ങുക! അതാണ് ദൈവം ആഗ്രഹിക്കുന്നത

ദൈവസഭയെ സ്പോൺസർ ചെയ്യാൻ പണം എവിടെ നിന്ന് ലഭിച്ചു ഒരു   ശ്രദ്ധിക്കുക ! ” ഞങ്ങൾ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിനു പ്രാപ്തരാകുവാൻ ഞാൻ ആര്?എൻറെ ജനവും എന്തുള്ളു ! സകലവും നിന്നിൽനിന്നല്ലോ വരുന്നത് .നിൻറെ  കയ്യിൽ നിന്നും വാങ്ങി ഞങ്ങൾ നിനക്ക് തരുന്നതേയുള്ളൂ .ഞങ്ങൾ നിൻറെ  മുമ്പാകെ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ അതിഥികളും പരദേശികളും ആകുന്നു;ഭൂമിയിൽ ഞങ്ങളുടെ ആയുഷ്ക്കാലം ഒരു നിഴൽപോലെയത്രേ യാതൊരു സ്ഥിരതയുമില്ല ”.(1 ദിന . 29: 14)

Comments are closed.