പ്രബോധനം JULYലക്കം വായിക്കുവാൻ ക്ളോക്കിനു താഴെയുള്ള കറൻറ് ഇഷ്യൂ ക്ലിക്ക് ചെയ്യുക

കുമ്പനാട് കൺവൻഷൻ പ്രോഗ്രാം ക്രമീകരിച്ചതിൽ വ്യാപക അതൃപ്തി

കുമ്പനാട് കൺവൻഷൻറെ പ്രോഗ്രാമുമായി ബന്ധപ്പെട്ടു വ്യാപക അതൃപ്തി മറനീക്കി പുറത്തുവരുന്നു. പ്രോഗ്രാം ക്രമീകരിച്ചത് ഏകപക്ഷീയമായിട്ടാണെന്നും മഹായോഗത്തിൻറെ നിലവാരം ഇല്ലാതാക്കിയെന്നും കുടുംബത്തിലുള്ളവർക്കു എന്തെങ്കിലുമൊക്കെ പ്രോഗ്രാം കൊടുത്ത് കാര്യങ്ങൾ ക്രമീകരിക്കയാണെന്നും പരാതിക്കാർ പറയുന്നു . ഒരു മാനദണ്ഡവുമില്ലാതെയാണ് കാര്യങ്ങളുടെ പോക്ക് . ഐപിസി ഇതുവരെ കാണാത്ത വികസനപ്രവർത്തനങ്ങളാണ് പാസ്റ്റർ ജേക്കബ് ജോൺ ജനറൽ പ്രസിഡണ്ടായതിനുശേഷം നടന്നിട്ടുള്ളത്. പണം പിരിക്കുന്നതിനും പലരെയും കണ്ടു കാര്യങ്ങൾ സാധിക്കുന്നതിലും അദ്ദേഹം മറ്റുള്ളവരെക്കാൾ മുന്നിലാണ്. എടുത്തുപറയാൻ കഴിയുന്ന പല നല്ല  കാര്യങ്ങളും ചെയ്തിട്ടുണ്ട്. അതിനു തികച്ചും അഭിനന്ദനം കൊടുക്കുക തന്നെ വേണം

സഭയെ സ്നേഹിച്ചു പലനിലയിൽ  സഭക്കുവേണ്ടി പണം മുടക്കിയവർക്കൊന്നും കൺവൻഷനിൽ പ്രോഗ്രാം ഒന്നും കൊടുത്തിട്ടില്ല എന്ന് വേണമെങ്കിൽ പറയാം . അവരിൽ ചിലർ പ്രോഗ്രാം കിട്ടുമെന്നും പറഞ്ഞല്ല പല നല്ല കാര്യങ്ങളും ചെയ്യാൻ മുന്നോട്ടുവന്നത് . എന്നാൽ കുമ്പനാട് കൺവൻഷനിൽ രാത്രിയോഗത്തിൽ പ്രസംഗിക്കുന്ന പലരും എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രസംഗിക്കുന്നത് ?. അറിയപ്പെടുന്ന പ്രാസംഗികരുടെ ലിസ്റ്റിൽപ്പെടുന്നവരോ മറ്റിതര വേദികളിൽ പ്രസംഗിക്കുന്നവരോ അല്ലാത്തവരായ ചിലരെ ഉൾക്കൊള്ളിച്ചത് വിവാദമായിട്ടുണ്ട്. മറ്റുള്ളവരെക്കാൾ എന്ത് യോഗ്യത കൂടുതലാണ് ഇവർക്കുള്ളത്?. ഇവരെ ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ മറ്റുള്ളവർക്കുള്ള അയോഗ്യത എന്താണ്?

ജനറൽ ഭാരവാഹികൾ പോലും അറിയാത്ത പ്രോഗ്രാം ആണിതെന്നു പറയപ്പെടുന്നു. തീരുമാനിച്ചത് ഒന്നും ഒടുക്കം പാട്ടുപുസ്തകത്തിലെ പ്രോഗ്രാം ഷീറ്റിൽ പ്രസിദ്ധീകരിച്ചത് മറ്റൊന്നുമാണന്നു പറയപ്പെടുന്നു.ഒമ്പതു ദശാബ്ദത്തിലധികമായി നടക്കുന്ന കുമ്പനാട് കൺവൻഷൻറെ ചരിത്രം കുറെയെങ്കിലും അറിയാവുന്ന പ്രസിഡണ്ടാണ് ഇപ്പോൾ ഇങ്ങനെയുള്ള പ്രോഗ്രാം  ക്രമീകരിച്ചിരിക്കുന്നത്. ഇത് ഐപിസിയുടെ കൺവൻഷനാണ് അല്ലാതെ മറ്റാരുടേയും കുടുംബയോഗമല്ല . ഇന്നലെ സഭയ്ക്കുള്ളിൽ തലകാണിച്ചവർക്കും മറ്റും വേദിയൊരുക്കിക്കൊടുത്തതും ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ എന്ന നിലയിൽ പലരെയും പ്രോഗ്രാമിൽ ഉൾപ്പെടുത്തിയതും  പാർശ്വവർത്തികളുടെയും തലയണമന്ത്രക്കാരുടേയും വാക്കിനു പ്രോഗ്രാം തയ്യാറാക്കിയത് പ്രസിഡണ്ടിന് പറ്റിയ ഏറ്റവും വലിയ തെറ്റുതന്നെയാണ്. അത് ഐപിസി സഹിക്കണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമല്ല . കുമ്പനാട് കൺവൻഷനു ജനങ്ങൾ തരുന്ന ഒരു വിലയുണ്ട് അത് കളഞ്ഞു കുളിച്ചതിനാൽ ഖേദം ഉണ്ട്.

പ്രബോധനം നല്ലതായ എല്ലാകാര്യത്തിനും പിന്തുണകൊടുക്കും. ഐപിസിയുടെ നിലവാരം വിട്ടുകളയുന്ന ഒരു കാര്യത്തിനും പ്രബോധനത്തിൻറെ പിന്തുണയില്ല. പണം കൊടുത്ത് അധികാരം കൈക്കാലാക്കിയവരും അല്ലാതെ ജനത്താൽ മുൻ കാലങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ആദരണീയരും ആയ ദൈവദാസന്മാരും ചെയ്ത പ്രസംഗ ദിവസം തന്നെ പദവിയുടെ അടിസ്ഥാനത്തിൽ വേണമെന്ന് പുതു പദവിക്കാർ ശഠിക്കുന്നതും അതനുസരിച്ചു വഴങ്ങുന്നതും ശരിയായ നടപടിയല്ല. കടന്നുവരുന്ന ജനത്തിനു ആവശ്യമായ ദൂത് കൊടുക്കാൻ കഴിവുണ്ടോ എന്നതാണ് നോക്കേണ്ടത് . അല്ലാതെ പദവി ഉള്ളതുകൊണ്ട് ചോദിക്കുന്നത് കിട്ടണം എന്ന് പറയുന്ന കാര്യം ശരിയല്ല. ഐപിസിയുടെ ഏതെങ്കിലും ചുമതല ലഭിച്ചത് പ്രസംഗിക്കാനാണന്നു ധരിക്കുന്നതു അറിവുകേടാണ് .

സഭയുടെ ഭരണം നല്ല നിലയിൽ കൊണ്ടുപോകുന്നതിനാണ് ഭാരവാഹികളും കൗൺസിൽ അംഗങ്ങളും ഉള്ളത് . അല്ലാതെ പ്രസംഗിക്കാനാണന്നുള്ള ചിന്താഗതി മാറണം . ജനം അംഗീകരിക്കുന്ന പ്രഭാഷകർ നമ്മുടെയിടയിൽ ധാരാളം ഉണ്ട്. അവരെ ഒന്നും ഇവിടെ ആരും കാണുന്നില്ല . നമ്മുടെ നേതാക്കന്മാർ പദവി വിട്ടൊഴിയുന്നവർ എത്രപേർ ജനാംഗീകാരമുള്ള പ്രഭാഷകരുടെ ലിസ്റ്റിലുണ്ട് ?.അതുകൊണ്ടു തന്നെ മനസിലാക്കണം ഇവരാരും ജനാംഗീകാരമുള്ള പ്രഭാഷകരല്ല. പണം കൊടുത്ത് വേദി വാങ്ങിയവർ പണം മുടക്കി അധികാരം ഒപ്പിച്ചെടുത്തു മുഖ്യ ദിവസങ്ങളിൽ പ്രസംഗിക്കുന്നു. ഇവരുടെ നിലവാരംകുറഞ്ഞ വാക്കുകളും ആക്ഷനും കണ്ടുപോകാൻ പതിനായിരങ്ങൾ വന്നിരുന്നു കൊടുക്കുന്നു . ഇത് ചോദ്യം ചെയ്യപ്പെടും .

ചരിത്രപ്രസിദ്ധമായ മാരാമൺ കൺവൻഷൻ ഒന്ന് ശ്രദ്ധിക്കുക . സഭയുടെ ഉന്നത സ്ഥാനീയരല്ല അവിടെ പ്രസംഗിക്കുന്നത്. ലോകപ്രശസ്തരായ പ്രഭാഷകർ കൊണ്ടുവരുന്നതിനാൽ  മാരാമൺ കൺവൻഷനു ഇന്നുംപേരുണ്ട് . നമ്മൾ കാണിക്കുന്ന ഈ വിലകുറഞ്ഞ കാര്യങ്ങൾ സഭാജനങ്ങൾ സ്വീകരിക്കുമെന്ന് വിചാരിക്കരുത്

കുമ്പനാട് കൺവൻഷൻറെ ചെലവുകളിൽ നല്ലൊരു പങ്കും അനാമത്തു ചിലവുകളും കമ്മീഷൻ വാങ്ങലുമാണന്നു പറയാതെവയ്യാ ! അതിനുള്ള സാഹചര്യം നമ്മുടെയിടയിൽ പ്രബലപ്പെട്ടു കഴിഞ്ഞു. കമ്മീഷൻ തുകകൾ വൻതുകകൾ ആയതിനാൽ ചെലവും വളരെയാണ് . ഇതിനെല്ലാം തമ്പുരാൻ ശരിക്കും കണക്കു ചോദിക്കുന്ന ഒരു നാൾ ഉണ്ടെന്നു ഇവരാരും മനസിലാക്കുന്നില്ല. കമ്മീഷൻ അടിസ്ഥാനത്തിൽ ഇവിടെ കാര്യങ്ങൾ തകൃതിയായി നടക്കുന്നുണ്ടെന്ന് നമ്മുടെ നേതാക്കളിൽ പലർക്കും അറിയാം. അങ്ങനെയുള്ളവർക്ക് ഏണി ചാറിക്കൊടുക്കുന്ന നേതാക്കന്മാരുമുണ്ട്. ഇവരെ വളരാൻ അനുവദിക്കുന്നതല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങൾ നിർത്തലാക്കി സഭയ്ക്ക് ലാഭം ഉണ്ടാകത്തക്കവണ്ണം ക്രമീകരണം ചെയ്യാൻ ആർക്കും വയ്യാ.കാരണം സ്വന്തം അദ്ധ്വാനത്തിൻറെ പണമല്ലല്ലോ ഇവിടെ ചിലവഴിക്കുന്നത്. പാവപ്പെട്ട ദൈവമക്കളുടെ രക്തം വിയർപ്പാക്കിയതല്ലേ ? ഇതിനൊക്കെ എണ്ണിയെണ്ണി കണക്കു പറയുന്ന നാൾ അതി വിദൂരത്തിലല്ല. പലരും തങ്ങളുടെ കാര്യത്തിന് പണമുണ്ടാക്കുന്ന കൊയ്ത്തുകാലം കുമ്പനാട് കൺവൻഷൻ വരുമ്പോഴാണ്. ഇതും മറ്റുള്ളവർ അറിയാതെ പോകരുത്. ഇവിടെ വളരെ കുറച്ചുപേർ മാത്രമേ ഒരു പ്രതിഫലവും വാങ്ങാതെ പ്രവർത്തിക്കുന്നുള്ളു . ബാക്കിയുള്ളവർ പണം മോഹിച്ചു മാത്രം കുമ്പനാട്ട് കറങ്ങുന്നു

Comments are closed.